01 May, 2024 10:19:50 PM


A

നാട്ടിലെ നെല്ല് അരിയാക്കി നാട്ടുകാരിലേക്ക്; യുവകർഷകർക്ക് പ്രോത്സാഹനവുമായി റസിഡന്റ്‌സ് അസോസിയേഷനും 

കോട്ടയം : കൃഷി ചെയ്യുന്ന നെല്ല് അരിയാക്കി സ്വന്തം നാട്ടുകാർക്ക് തന്നെ എത്തിച്ച് ഒരു പറ്റം യുവകർഷകർ. ഇവർക്ക് പിന്തുണയും പ്രോത്സാഹനവുമേകി റസിഡന്റ്‌സ് അസോസിയേഷനും. ഏറ്റുമാനൂർ പേരൂർ സ്വദേശികളായ നാല് യുവകർഷകരാണ് സർക്കാരിന്റെ നെല്ല് സംഭരണം താളം തെറ്റിയതോടെ നാട്ടുകാരുടെയിടയിൽ തന്നെ വിപണി കണ്ടെത്തുക എന്ന ആശയവുമായി രംഗപ്രവേശം ചെയ്തത്. 

സ്വന്തം നാട്ടുകാർക്ക് വിഷമയമില്ലാത്ത അരി ലഭ്യമാക്കുക എന്ന ഉദ്ദേശം കൂടിയായതോടെ ഇവർക്ക് സർവ പിന്തുണയുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷനും രംഗത്തെത്തി. ഏറ്റുമാനൂർ നഗരവാസികളായ അസോസിയേഷൻ അംഗങ്ങൾ ആദ്യദിവസം തന്നെ അമ്പതോളം പായ്ക്കറ്റ് അരി ഇവരിൽ നിന്ന് വാങ്ങി. 

പേരൂർ തുരുത്തിപാടത്തു കൃഷി ചെയ്ത ജ്യോതി ഇനത്തിൽ പെട്ട (1285) നാടൻ നെല്ലാണ് മാഞ്ഞൂരിലെ മില്ലിലെത്തിച്ചു കുത്തരിയായും ഉണക്കലരിയായും നാട്ടുകാർക്ക് ലഭ്യമാക്കുന്നത്. പേരൂർ പായിക്കാട് സ്വദേശികളായ അജയ് ചന്ദ്രൻ, അഭിലാഷ്, രാജീവ്‌, രഞ്ജിത്ത് എന്നീ യുവകർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളുമായി മുതിർന്ന കർഷകനായ മണിക്കൂട്ടനും ഒപ്പമുണ്ട്.

മീനച്ചിലാറിനോട് ചേർന്ന് കിടക്കുന്ന പാടത്തു ആറ്റിലെ ശുദ്ധജലം ഉപയോഗിച്ചാണ് ഇവരുടെ കൃഷി നടക്കുന്നത്. വർഷകാലത്തു മീനച്ചിലാറ്റിലെ വെള്ളം പൊങ്ങുമ്പോൾ പാടത്തു അടിയുന്ന എക്കൽമണ്ണിന്റെ ഫലഭൂയിഷ്ടി നെല്ലിന്റെ ഗുണവും വർധിപ്പിക്കുന്നു. ഈ ഗുണങ്ങൾ മനസിലാക്കിയത് കൊണ്ടാണ് പണ്ട് പൂർവികർ പല കൈത്തൊടുകൾ വെട്ടി വർഷകലത്തെ പ്രളയകാലത്തെ പടത്തു എത്തിച്ചുകൊണ്ടിരുന്നത്. അങ്ങനെ മീനച്ചിലാറ്റിലെ എക്കൽ മണ്ണ് കൊണ്ട് ഫലഭൂയിഷ്ടമായ മണ്ണിൽ മീനച്ചിലാറ്റിലെ വെള്ളം കൊണ്ട് തന്നെ കൃഷി ചെയ്ത നെല്ലിൽ നിന്ന് അത്രയ്ക്കു ഗുണമേന്മ ഉള്ള അരിയാണ് ലഭിക്കുന്നത്.

നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്ന നെല്ലിന്റെ അരി വളരെ അപൂർവമായാണ് നാട്ട്ടുകാർക്ക് ലഭിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അരിയാണ് ഇവിടെ ലഭിക്കുന്നത്. അതാകട്ടെ കേടാകാതിരിക്കാൻ രാസവസ്തുക്കൾ ചേർത്തും.

അതിനാലാണ് ഒരുപറ്റം യുവജനങ്ങൾ ചേർന്ന് നമ്മുടെ നാട്ടിൽ കൃഷി ചെയ്ത നെല്ല് കുത്തിയ അരി നമ്മുടെ നാട്ടിൽ ഉള്ളവർക്കു തന്നെ ലഭിക്കുന്നതിനായുള്ള ഒരു ദൗത്യം ഏറ്റെടുത്തത്. ആയതിനാൽ അരി ആവശ്യം ഉള്ളവർ ഉടൻ തന്നെ ബുക്ക്‌ ചെയ്യുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932