10 January, 2025 09:34:02 AM
പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി; പൊതുദർശനം ഇന്ന്, സംസ്കാരം നാളെ
തൃശൂര്‍: ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട വാങ്ങിയത്. അർബുദബാധയെ തുടർന്ന് എൺപതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. ഇന്ന് രാവിലെ 10 മണിയോടെ സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം.
ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പി ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.
'അനുരാഗഗാനം പോലെ...., രാജീവനയനേ നീയുറങ്ങു...'; മാന്ത്രിക ശബ്ദം നിലച്ചു. ഭാവഗായകന് പി ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന് ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളികളുടെ മനസില്‍ പതിഞ്ഞ പി ജയചന്ദ്രന്റെ ഭാവഗാനങ്ങള്‍ക്ക് ഒരിക്കലും മരണമില്ലായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എത്ര എത്ര ഭാവഗാനങ്ങളാണ് നമ്മള് ഏറ്റുപാടിയത്, ഇപ്പോഴും ഏറ്റുപാടുന്നത്. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും കൂട്ടായി നിന്ന ശബ്ദമാധുര്യം. എവിടെയും എപ്പോഴും പറയാനുള്ള കാര്യങ്ങള്‍ ആരോടും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന നിലപാടുള്ള ഒരു ഗായകനെയാണ് നമുക്ക് നഷ്ടമായത്. മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്നു പി.ജയചന്ദ്രന്റേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീര്‍ത്ത പി ജയചന്ദ്രന്റെ വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവത്ത ഒന്നാണന്ന് മന്ത്രി വിഎന്‍ വാസവന്. മലയാളികള്‍ക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും സന്തോഷത്തിന്റെയും വൈകാരിക വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് വിടവാങ്ങിയത്. പി ജയചന്ദ്രന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ് മലയാളികള്‍ക്ക്. എല്ലാ സംഗീതപ്രേമികളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി ജയചന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന് അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാജീവിതത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തില്‍ 5 ഭാഷകളിലായി പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് പി ജയചന്ദ്രന് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഓരോ ഗാനവും നമ്മുടെ മനസുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.