23 January, 2025 04:04:21 PM


ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ചു, മൃതദേഹം തടാകത്തില്‍ തള്ളി; മുന്‍ സൈനികന്‍ പിടിയില്‍



ഹൈദരാബാദ്: തെലങ്കാനയില്‍ 45കാരന്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചു. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഗുരു മൂര്‍ത്തി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.

ഹൈദരാബാദ് സ്വദേശിയായ ഗുരു മൂര്‍ത്തി കുറ്റകൃത്യം മറയ്ക്കാനാണ് ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയത് എന്നും പൊലീസ് പറയുന്നു.ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ഭര്‍ത്താവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഗുരു മൂര്‍ത്തി കുളിമുറിയില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടര്‍ന്ന് പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. തുടര്‍ന്ന് അസ്ഥികള്‍ വേര്‍പെടുത്തി. മൂന്ന് ദിവസത്തിനിടെ മാംസവും അസ്ഥികളും പലതവണ പാകം ചെയ്ത ശേഷം പ്രതി മൃതദേഹ ഭാഗങ്ങള്‍ പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ തള്ളിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ സൈനികനായ ഗുരു മൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇരുവര്‍ക്കുമായി രണ്ട് കുട്ടികള്‍ ഉണ്ട്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനുള്ള കാരണം എന്ത് എന്ന് വ്യക്തമല്ല.പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K