01 April, 2024 04:39:02 PM


ഭർത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ്; യുവതിക്കെതിരേ കേസ്



ആഗ്ര: ഭർത്താവിനെ കൊല്ലാൻ വാട്ട്സ്ആപ്പിലൂടെ ക്വട്ടേഷൻ കൊടുത്ത ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം. ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്ന യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഭീഷണി ഫോൺകോളുകളെത്തിയതോടെയാണ് ഭർത്താവ് സംഭവം അറിയുന്നത്. ഭാര്യയുടെ വാട്ട്സ്സ് ആപ്പ് സ്റ്റാറ്റസ് നോക്കിയ യുവാവ് ഞെട്ടി, പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്റ്റാറ്റസ് കണ്ട് ഭാര്യയുടെ ഒരു സുഹൃത്ത് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ വധഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ബഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാം സിംഗ് പറഞ്ഞു. 2022 ജൂലൈ 9 ന് ആണ് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതിയെ പരാതിക്കാരൻ വിവാഹം കഴിക്കുന്നത്. 

എന്നാൽ ഇരുവരും തമ്മിൽ പിന്നീട് വഴക്കുകൾ ഉണ്ടായി. വിവാഹം കഴിഞ്ഞ്   അഞ്ച് മാസം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കിട്ട് പിരിഞ്ഞു. പിന്നീട്  യുവതി ബഹിലെ ഭർത്താവിന്‍റെ വീട് വിട്ട് തന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. അന്നുമുതൽ യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസം. തന്‍റെ അയൽവാസിയായ യുവാവുമായി ഭാര്യക്ക് അടുമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ അവിഹിത ബന്ധം പുലർത്തിയിരുന്നുമെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയാണ് വഴക്ക് തുടങ്ങിയതെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

അയൽവാസിയുമായുള്ള അടുപ്പം ചോദ്യം ചെയ്തതോടെയാണ് ഭാര്യയുമായി വഴക്കുണ്ടായതെന്നും ഭാര്യയുടെ കാമുകനും തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുമാണ് യുവാവ് പൊലീസിൽ നൽകിയ പരാതി. 2023 ഡിസംബർ 21 ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ജീവനാംശം ആവശ്യപ്പെട്ട് പരാതിയും നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്വട്ടേഷൻ നൽകിയതെന്നും യുവാവ് ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഭീഷണി കോളുകളടക്കം പരിശോദിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K