08 August, 2024 06:16:09 PM


ആന്‍ഡ്രോയിഡ് ഫോണുകളില്‍ വന്‍ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്രം



ന്യൂഡല്‍ഹി: ക്വാല്‍കോം, മീഡിയാടെക്ക് ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്ഇന്‍). ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 എന്നീ ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാണ് പുതിയതായി കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ബാധിക്കുക. ഫോണുകളുടെ ഫ്രെയിം വര്‍ക്ക്, സിസ്റ്റം, കെര്‍നല്‍, എആര്‍എം കമ്പോണന്റ്, ഇമാജിനേഷന് ടെക്‌നോളജീസ്, മീഡിയാ ടെക് കമ്പോണന്റ്, ക്വാല്‍കോം ക്ലോസ്ഡ് -സോഴ്‌സ് കമ്പോണന്റ് എന്നിവയിലാണ് പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാനും ഈ പ്രശ്‌നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ഒരു ഹാക്കര്‍ക്ക് സാധിക്കും. ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് ഇതില്‍ ആദ്യം ചെയ്യേണ്ട കാര്യം. അതാത് ഫോണ്‍ കമ്പനികള്‍ പുറത്തിറക്കുന്ന സുരക്ഷാ അപ്‌ഗ്രേഡുകള്‍ ഉടന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്‌ഡേറ്റുകള്‍ വൈകാതിരിക്കാന്‍ ഫോണിന്റെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഓണ്‍ ചെയ്തു വെക്കുക. ഇതുവഴി അപ്‌ഡേറ്റുകള്‍ എത്തുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക് ആയി അവ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലെ വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇമെയിലുകള്‍, എസ്എംഎസ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഫോണില്‍ മറ്റാരെങ്കിലും കടന്നുകയറിയെന്ന് സംശയിക്കുന്നുവെങ്കില്‍ അതിവേഗം തന്നെ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അതിന് മുമ്പ് ഡാറ്റ ബാക്ക് അപ്പ് ചെയ്യാന്‍ മറക്കരുത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K