18 December, 2024 09:19:03 AM


പുഷ്പ 2 അപകടം; ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു



ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന 9 വയസുകാരന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.

തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസ്സം മൂലം ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. കുട്ടി സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീതേജിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടും. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍.

അതിനിടെ സംഭവം നടന്ന സന്ധ്യ തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ്. തിയറ്റര്‍ മാനേജിന്റെ ഭാഗത്തു നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തുന്ന വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയെന്നും തിയറ്ററില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് പറയുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പറയുന്നുണ്ട്.

ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീ തേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. കേസിൽ അല്ലു അർജുൻ അറസ്റ്റിലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K