23 December, 2024 06:55:37 PM


ഉപഭോക്തൃ അവകാശ ജാലകം: ചൊവ്വാഴ്ച പാലക്കാട് ഉദ്ഘാടനം



പാലക്കാട്: ദേശീയ ഉപഭോക്തൃ അവകാശ ദിനത്തിൻ്റെ ഭാഗമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സംഘടിപ്പിക്കുന്ന ഉപഭോക്തൃ അവകാശ ജാലകം പരിപാടി ഡിസംബര്‍ 24 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം  നിർവഹിക്കും. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻ്റ് എ. വിദ്യ അധ്യക്ഷത വഹിക്കും.

ഉപഭോക്താക്കൾക്ക് വേണ്ടി ഉത്തരവാദിത്വമുള്ളതും നീതിപൂർവ്വകവുമായ നിർമ്മിത ബുദ്ധി, എ.ഐ നയിക്കുന്ന പ്ലാറ്റ്ഫോമുകളിലെ തെറ്റായ വിവരങ്ങൾ, സ്വകാര്യ ലംഘനങ്ങൾ, വിവേചനപരമായ രീതികൾ, തെറ്റായ വിവരങ്ങളുടെ പ്രചാരണം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ചർച്ചകളും പരിപാടിയിൽ സംഘടിപ്പിക്കും.

പാലക്കാട് നഗരസഭ വാർഡ് കൗൺസിലർ എസ്.ഷൈലജ, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ അജയൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് എം.എസ് രൂപേഷ്, കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.എ.സുരേന്ദ്രൻ, ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡൻ്റ് ടി. കെ ജയകുമാർ, ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, താലൂക്ക് സപ്ലൈ ഓഫീസർ ആർ.അജയ്കുമാർ, അസിസ്റ്റൻറ് രജിസ്ട്രാർ ഇൻ ചാർജ് വി.എച്ച്. മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും. ഡി എൽ എസ് എ പാലക്കാട് സീനിയർ മെമ്പർ കെ. വിജയ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ എൻ. കെ. കൃഷ്ണൻകുട്ടി എന്നിവർ ക്ലാസുകൾ എടുക്കും.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് അനുചിത വ്യാപാര നടപടികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, അവരുടെ പ്രശ്‌ന പരിഹാരത്തിനായും നിലവില്‍ വന്ന ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.   ഉപഭോക്താക്കളുടെ തര്‍ക്ക പരിഹാരങ്ങള്‍ക്കായി ത്രിതല സംവിധാനമാണ്  നിലവിലുള്ളത്. ജില്ലാ തലത്തില്‍ ജില്ലാ തര്‍ക്ക പരിഹാര കമ്മീഷനുകളും, സംസ്ഥാന തലത്തില്‍ സംസ്ഥാന തര്‍ക്ക പരിഹാര കമ്മീഷനും, ദേശീയ തലത്തില്‍ ദേശീയ തര്‍ക്ക പരിഹാര കമ്മീഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.  ഉപഭോക്താക്കള്‍ക്ക് അവര്‍ താമസിക്കുന്നതോ, ജോലി ചെയ്യുന്നതോ ആയ സ്ഥലത്തുളള ഉപഭോക്തൃ കമ്മീഷനുകളില്‍ പരാതി സമര്‍പ്പിക്കാം. ഉപഭോക്താക്കളുടെ പരാതിയില്‍ മീഡിയേഷനിലൂടെ ചര്‍ച്ച ചെയ്ത് വേഗം പരിഹാരം കണ്ടെത്തുന്നതിനായി ഉപഭോക്തൃ കമ്മീഷനുകളുമായി ബന്ധപ്പെട്ട് മീഡിയേഷന്‍ സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്.  വാങ്ങുന്ന സാധനത്തിന്റെയോ, കൈപ്പറ്റുന്ന സേവനത്തിന്റെയോ മൂല്യം 50 ലക്ഷം രൂപ വരെ വരുന്ന പരാതികള്‍  ജില്ലാ കമ്മീഷനുകളില്‍ ഫയല്‍ ചെയ്യാവുന്നതാണ്. 50 ലക്ഷത്തിന് മുകളില്‍ 2 കോടി വരെ വരുന്ന കേസുകള്‍ സംസ്ഥാന കമ്മീഷനുകളിലും, അതിനു മുകളിലുള്ളവ നാഷണല്‍ കമ്മീഷനുകളിലും ഫയല്‍ ചെയ്യാവുന്നതാണ്. ഇപ്രകാരം സമര്‍പ്പിക്കുന്ന പരാതിയില്‍ നമുക്ക് സാധനത്തിലെ / സേവനത്തിലെ ന്യുനതകള്‍ പരിഹരിച്ച് നല്‍കാനോ, കേടായ സാധനത്തിന് പകരം പുതിയ സാധനം നല്‍കുവാനോ അതു രണ്ടുമല്ലെങ്കില്‍  അതിനായി ചിലവഴിച്ച പണം തിരികെ നല്‍കാനോ ആവശ്യപ്പെടാം. ഇതിനു പുറമെ ഇപ്രകാരം ന്യുനതയുള്ള സാധനം / സേവനം കൈപ്പറ്റിയതിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടായ മാനസികവ്യഥ, സാമ്പത്തിക നഷ്ടം എന്നിവക്കുള്ള നഷ്ടപരിഹാരവും, കേസ് നടത്തിപ്പിനായി വരുന്ന ചിലവും ആവശ്യപ്പെടാവുന്നാണ്. പരാതിക്കാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ പരാതി ബോധിപ്പിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930