24 December, 2024 11:18:37 AM


മണാലിയില്‍ ശക്തമായ മഞ്ഞുവീഴ്ച; കുടുങ്ങിയത് ആയിരത്തിലധികം വാഹനങ്ങള്‍



സിംല: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ വീണ്ടും ശക്തമായ മഞ്ഞുവീഴ്ച. ഇതെത്തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങി. റോഹ്താങിലെ സോളാങിനും അടല്‍ ടണലിനും ഇടയില്‍ മണിക്കൂറുകളോളം ആണ് വാഹനങ്ങള്‍ കുടുങ്ങിയത്. ആയിരത്തോളം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊലീസ് ഇടപെട്ട് 700ഓളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി. മഞ്ഞുമൂടിയ ക്രിസ്മസ് പര്‍വത നിരകളില്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ് ഇവിടെ. ഡിസംബര്‍ 8നായിരുന്നു ആദ്യത്തെ മഞ്ഞുവീഴ്ച. കോവിഡിന് ശേഷം ഇടിഞ്ഞു പോയ ടൂറിസം മേഖലയ്ക്ക് വലിയ ആവേശമുണര്‍ത്തിയിരിക്കുകയാണ് ഇത്തവണ. പ്രാദേശിക ടൂറിസം വ്യവസായത്തിന് പുനരുജ്ജീവനമാണിത്. മഞ്ഞു മൂടിയ കുന്നുകളില്‍ ആകൃഷ്ടരായി മണാലിയെത്തുന്ന വിനോദ സഞ്ചാരികള്‍ താമസം നീട്ടുകയാണ്. വൈറ്റ് ക്രിസ്മസ് സ്വപ്‌നം കാണുന്നവരില്‍ മഞ്ഞുവീഴ്ച ആവേശമുണര്‍ത്തിയിട്ടുണ്ട്. ''മഞ്ഞുവീഴ്ച മനോഹരമായൊരു കാഴ്ചയാണ്. കാലാവസ്ഥ വിസ്മയിപ്പിക്കുന്നു. ഞങ്ങള്‍ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പോകാന്‍ തീരുമാനിച്ചതാണ്. പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ സമയം ഇവിടെ തങ്ങാന്‍ തീരുമാനിക്കുകയാണ്, ഹരിയാനയിലെ റെവാരിയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഹേമന്ത് പറഞ്ഞു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K