26 January, 2024 04:04:40 PM


നിലമ്പൂരിൽ മീൻ പിടിയ്ക്കാന്‍ പുഴയിലിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു



മലപ്പുറം: മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്. 

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാനാണ് റാഷിദും റിൻഷാദും എത്തിയത്. ഇതിനിടയിൽ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാൽ രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K