12 February, 2024 12:46:21 PM


തൃപ്പൂണിത്തുറയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത് പൊലീസിന്‍റെ നിര്‍ദ്ദേശം ലംഘിച്ച്



കൊച്ചി: തൃപ്പൂണിത്തുറയില്‍ ഉഗ്ര സ്‌ഫോടനത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത് പൊലീസിന്‍റെ  നിര്‍ദ്ദേശം ലംഘിച്ച്. വെടിക്കെട്ട് നടത്തരുതെന്ന പൊലീസിന്‍റെ  നിര്‍ദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. വലിയ അളവില്‍ പടക്കങ്ങള്‍ ഇവിടെയുണ്ടായിരുന്നു. എന്‍എസ്എസിന്റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാല്‍ അപകടത്തിന്‍റെ  വ്യാപ്തി വര്‍ദ്ധിച്ചേക്കാമെന്നാണ് സൂചന. ഉത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി ഈ പ്രദേശത്ത് വെടിക്കെട്ട് നടക്കുന്നതാണ്. 25 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ഇതില്‍ നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മൂന്ന്, നാല് കിലോമീറ്റര്‍ ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് ലഭിക്കുന്ന വിവരം.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതില്‍ പടക്കം ശേഖരിച്ചിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല. വാഹനത്തില്‍ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ നിന്നുണ്ടായ സ്പാര്‍ക്കില്‍ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K