13 November, 2024 02:05:24 PM


കാൻസർ രോഗിയുടെ മകൻ കഴുത്തിന് കുത്തി; ഡോക്‌ടറുടെ നില അതീവ ഗുരുതരം



ചെന്നൈ: ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ചെന്നൈയിൽ ഡോക്ടർക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ ​ഡ്യൂട്ടിക്കുണ്ടായ ഡോക്ടർ ബാലാജിക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അർബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് വിഘ്‌നേഷ്(25) എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്.

രാവിലെ 10.15ഓടെ രോഗിയെന്ന് പറഞ്ഞ് എത്തിയ ഒരാളാണ് ഡോക്ടറെ കുത്തി പരിക്കേൽപ്പിച്ചതെന്നാണ് ആശുപത്രി ജീവനക്കാർ പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഘ്നേഷാണ് പ്രതിയെന്ന് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഡോക്ടറുടെ കഴുത്തിന‍ാണ് കുത്തേറ്റിരിക്കുന്നത്. ഡോക്ടർ ബാലാജി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേഷിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഘ്നേഷിന്റെ അമ്മ ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണമാണ് അമ്മയ്ക്ക് രോ​ഗം ബേധമാകത്തതെന്ന് പറഞ്ഞാണ് കുത്തി പരിക്കേൽപ്പിച്ചത്. വിഘ്‌നേഷിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K