18 March, 2025 09:55:54 AM
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. ഫെബിന്റെ പിതാവ് ഗോമസിനേയും തേജസ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ 6.30 ഓടെയാണ് തേജസ് രാജ് ഫെബിന്റെ നാടായ ഉളിയക്കോവില്‍ എത്തിയത്. പര്‍ദ ധരിച്ച് മുഖംമറച്ചാണ് കത്തിയുമായി തേജസ് ഫെബിന്റെ വീട്ടിലേക്ക് എത്തിയത്. കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഫെബിന്റെ പിതാവ് ഗോമസാണ് പുറത്തേക്ക് വന്നത്. ഉടന്‍ തന്നെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് തേജസ് ഗോമസിനെ ആക്രമിച്ചു. ഇത് കണ്ടുകൊണ്ടാണ് ഫെബിന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്.
ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഫെബിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 22 വയസുകാരനായ ഫെബിന്‍ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പാര്‍ട്ട് ടൈം ആി സൊമാറ്റോ ഡെലിവറി ഏജന്റായും ജോലി ചെയ്യുന്നുണ്ട്.
ഫെബിനേയും പിതാവിനേയും കുത്തിയ ശേഷം തേജസ് വീടിന്റെ മതില്‍ ചാടിക്കടന്ന് കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തേജസും ഫെബിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ്.
അതേസമയം ഫെബിനെ തേജസ് രാജ് കൊലപ്പെടുത്തിയത് വിവാഹം മുടങ്ങിയതിന്റെ പകയില്‍ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫെബിന്റെ സഹോദരിയുമായി നീണ്ടകര സ്വദേശിയായ തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഫെബിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ തര്‍ക്കമായി. ഇതിന്റെ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.
തേജസ് ലക്ഷ്യമിട്ട് ഫെബിന്റെ സഹോദരിയെയാണോ എന്നും പൊലീസിന് സംശയമുണ്ട്. ഫെബിന്റെ സഹോദരിയും തേജസും സഹപാഠികളാണ്. തുടര്‍ന്ന് അടുപ്പത്തിലായ ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ തമ്മില്‍ ധാരണയായി. അതിനിടെ പെണ്‍കുട്ടിക്ക് ജോലി കിട്ടിയതിന് പിന്നാലെ ഫെബിന്റെ കുടുംബം തേജസ് രാജുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതെന്നും പൊലീസ് പറയുന്നു.