25 February, 2025 01:05:47 PM
ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; നദിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍

കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു.
മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ് പിടിയിലായത്. സുമിത ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ മഞ്ഞ കാറിലാണ് ഇവര്‍ ബാഗില്‍ മൃതദേഹവുമായി എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അതിനിടെ പ്രതികളെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പ്രതിഷേധിച്ചു. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.