17 February, 2025 08:54:20 AM
പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി വീണ്ടും സംഘർഷമുണ്ടായി. അതിനിടെയാണ് ജിതിന് കുത്തേറ്റത്. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. സംഘർഷമുണ്ടായപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജിതിന് കുത്തേറ്റത് എന്നും എഫ്ഐആറിലുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് ജിതിൻ കുത്തേറ്റ് മരിച്ചത്. കുത്തിയ കൂനങ്കര സ്വദേശി വിഷ്ണുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിഷ്ണുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി.