12 February, 2025 06:50:15 PM


നിധി സ്വന്തമാക്കാൻ 'നരബലി' നിർദേശിച്ച് ജ്യോത്സ്യൻ; കർണാടകയിൽ ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാക്കൾ



ബാം​ഗ്ലൂർ : മറഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കാൻ നരബലി നൽകണമെന്ന ജോത്സ്യന്റെ നിർദേശ പ്രകാരം ചെരുപ്പുകുത്തിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാക്കൾ. കര്‍ണാടകയിലെ ചിത്രദുര്‍ഗയിൽ ഫെബ്രുവരി ഒന്‍പതിനാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡിയും ജ്യോത്സ്യന്‍ രാമകൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചിത്രദുര്‍ഗയിലെ ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി 52കാരനായ പ്രഭാകറാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കുണ്ടുർപി ഗ്രാമത്തിൽ നിന്നുള്ള ഒന്നാം പ്രതി ആനന്ദ് റെഡ്ഡി പാവഗഡയിലെ ഒരു റസ്റ്റോറന്റിൽ പാചകക്കാരനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ആനന്ദ് ജ്യോതിഷി രാമകൃഷ്ണയുടെ അടുത്തെത്തുകയും പരിഹാരം ആരായുകയും ചെയ്തു. എന്നാൽ പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് മാറണമെങ്കിൽ ഭൂമിയ്ക്ക് അടിയിൽ മറഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കണമെന്നും എന്നാൽ അതിന് നരബലി കൊടുക്കേണ്ടി വരുമെന്നും നിർദ്ദേശിക്കുന്നു.

നരബലിയിലൂടെ മാരാമ ദേവിക്ക് രക്തം അർപ്പിച്ചാൽ ആ​ഗ്രഹിച്ച കാര്യം നടക്കുമെന്നും നിർദ്ദേശിച്ചു. പരശുരാമപുര വെസ്റ്റിലാണ് നിധി മറഞ്ഞിരിക്കുന്നതെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ഒടുവിൽ ഇരയായി കണ്ടെത്തിയത് ചെരുപ്പുകുത്തിയെ ആയിരുന്നു. ജോലി കഴിഞ്ഞ് പതിവുപോലെ നടന്നു പോയ പ്രഭാകറിന്, പ്രതി ലിഫ്റ്റ് വാ​ഗ്ദാനം ചെയ്ത് തന്ത്രപൂർവ്വം തന്റെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നീട് ശസ്ത്രക്രിയയ്ക്ക് ഉപയോ​ഗിക്കുന്ന കത്തി ഉപയോ​ഗിച്ച് പ്രഭാകറിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രഭാകറിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ജ്യോത്സ്യനെ അറിയിച്ചു. ഇരുവരും ചേർന്ന് നരബലി നടത്തുന്നതിനിടെ പ്രതികളെ കൈയ്യോടെ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ പൊലീസ് അന്വേഷണം ഊർജജിതമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K