04 March, 2025 07:22:18 PM


ഇന്‍സ്ട്രമെന്‍റ് ബോക്‌സും പുസ്തകവും കളഞ്ഞുപോയി; കളമശ്ശേരിയില്‍ 11കാരന്‍റെ കൈ അച്ഛന്‍ തല്ലിയൊടിച്ചു



കൊച്ചി: കളമശ്ശേരിയില്‍ അച്ഛന്‍ മകന്റെ കൈ തല്ലിയൊടിച്ചു. ഇന്‍സ്ട്രമെന്റ് ബോക്‌സും പുസ്തകവും കളഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു പതിനൊന്നുകാരന് ക്രൂരമര്‍ദനം. എച്ച്എംടി ജംഗ്ഷന് സമീപം തോഷിബയിലാണ് സംഭവം നടന്നത്. ശിവകുമാര്‍ എന്നയാണ് പതിനൊന്നുകാരന്റെ കൈ തല്ലിയൊടിച്ചത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. രണ്ടാം തവണ ഇന്‍സ്ട്രമെന്റ് ബോക്‌സും പുസ്തകവും കളഞ്ഞു എന്ന് പറഞ്ഞായിരുന്നു ശിവകുമാര്‍ കുട്ടിയെ മര്‍ദിച്ചത്. കൈയില്‍ കിട്ടിയ വടികൊണ്ട് ഇയാള്‍ കുഞ്ഞിനെ ശക്തിയില്‍ അടിച്ചു. അടിയേറ്റത് കുട്ടിയുടെ കൈയിലായിരുന്നു. അടിയില്‍ കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായി. ഇതിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശികളാണ് ശിവകുമാറും കുടുംബവും. കഴിഞ്ഞ കുറച്ചുനാളുകളായി കൊച്ചിയില്‍ താമസിച്ചുവരികയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K