29 March, 2025 08:30:57 PM
കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യപ്രതി പൊലീസിന്‍റെ കൺമുന്നിൽ നിന്ന് ഓടിരക്ഷപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി എറണാകുളത്ത് വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ടു. കേസിലെ മുഖ്യപ്രതിയായ അതുലാണ് ആലുവയിലെ എടത്തലയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപെട്ടത്. കാറിൽ വന്ന ഇയാൾക്കൊപ്പെം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. ഇവരെ കാറിൽ ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പങ്കജ്, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.വൈദ്യുതി ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് അക്രമി സംഘം വലിയ ചുറ്റിക ഉപയോഗിച്ച് തകർത്ത് ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അക്രമികൾ കടന്നു കളഞ്ഞത്. സംഭവ സമയം സന്തോഷിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.