17 March, 2025 12:39:40 PM
മകന് ആരെയും ആക്രമിക്കാനാകില്ല; പ്രതി അഫാനെ ന്യായീകരിച്ച് ഉമ്മ ഷെമി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ ന്യായീകരിച്ച് ഉമ്മ ഷെമി. മകന് ആരെയും ആക്രമിക്കാനാകില്ലെന്നാണ് ഷെമി കഴിഞ്ഞ ദിവസം പറഞ്ഞത്. തന്നെയും മകൻ ആക്രമിച്ചിട്ടില്ലെന്നാണ് ഷെമിയുടെ നിലപാട്. കട്ടിൽ നിന്നും വീണായിരുന്നു തനിക്ക് പരിക്ക് പറ്റിയതെന്നാണ് ഇവർ ഭർത്താവിനോടും പറഞ്ഞത്.
ആശുപത്രിയിൽ നിന്നും മാറ്റിയ ഷെമി നിലവിൽ സംരക്ഷണ കേന്ദ്രത്തിലാണ്. കട്ടിലിൽ നിന്നു വീണാൽ ഇത്രയും വലിയ പരുക്കേൽക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനുശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണു പരുക്കേറ്റുവെന്ന് മറുപടിയാണ് ഷെമി നൽകിയതെന്നാണ് വിവരം.
സംഭവദിവസം രാവിലെ നടന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ വിഷയം മാറ്റിയ ഷെമി വിശക്കുന്നു, ശരീരം തളരുന്നു എന്നെല്ലാം പറഞ്ഞു. കടബാധ്യതയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങൾ സംബന്ധിച്ചും പൊലീസ് ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഷെമി വ്യക്തമായ മറുപടി നൽകിയില്ല.
ഒരു മണിക്കൂർ ഷെമിയുമായി സംസാരിച്ചെങ്കിലും മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കാതെയാണു പൊലീസ് മടങ്ങിയത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണു പൊലീസിൻ്റെ വിലയിരുത്തൽ. കേസിലെ മൂന്നാംഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ ഇന്നു വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.