04 March, 2025 12:22:04 PM


ഷഹബാസ് കൊലപാതകം: കസ്റ്റഡിയിലെടുത്ത വിദ്യാർഥിയുമായി ആക്രമണം നടന്ന സ്ഥലത്ത് പരിശോധന



കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്. ഇന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം തുടർ ന‍ടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ആക്രമണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്താനാണ് പൊലീസിന്റെ അടുത്തനീക്കം. 'ഗ്രൂപ്പ് 57' എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിശദ പരിശോധന നടത്തുന്നുണ്ട്.

അതേ സമയം താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന കുറ്റാരോപിതൻ്റെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളിൽ ഒരാളുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രധാന കുറ്റോരോപിതരും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.

ഇന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയും ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചവരിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ചോ​ദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഇതോടെ ആറ് പേരാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.

താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K