08 April, 2025 11:02:53 AM


വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണത്തിൽ സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം



മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. സിറാജുദ്ദീനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.

തെളിവ് നശിപ്പിക്കലിനും കേസ് എടുക്കുമെന്ന് എസ്പി അറിയിച്ചു. ആശുപത്രിയിൽ ആയിരുന്നു എങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത സർജൻ പറഞ്ഞത്. ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലും.രണ്ട് പ്രസവം ആലപ്പുഴയിൽ വെച്ചായിരുന്നുവെന്ന് എസ്പി പറഞ്ഞു. പ്രതിക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും എസ്പി പറഞ്ഞു

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പ്രസവത്തിനിടെയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു വിലയിരുത്തല്‍. ഇത് ശരിവെയ്ക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

അസ്മയുടെ മരണവിവരം സഹോദരങ്ങളെയുള്‍പ്പെടെ അറിയിക്കാതെ സിറാജുദ്ദീന്‍ മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരന്‍ ടി കെ മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുല്‍പായയില്‍ പൊതിഞ്ഞരീതിയില്‍ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടര്‍ന്നാണു സിറാജുദീന്റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. പൊലീസിനു പരാതി നല്‍കിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929