26 February, 2024 12:36:47 PM


കുന്ദമംഗലത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി; ടാറിംങ് അടക്കം തെറിച്ച് പോയി



കോഴിക്കോട്: കുന്ദമംഗലത്ത് ദേശീയ പാതയിൽ അപ്രതീക്ഷിതമായി ഒരു വാട്ടർ ഫൗണ്ടൻ. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെ മീറ്ററുകൾ ഉയരത്തിലാണ് ഗതാഗത തിരക്കേറിയ റോഡിൽ വെള്ളം ഉയർന്ന് പൊങ്ങിയത്. ഇന്നലെ വൈകീട്ട് 5.30ഓടെ കുന്ദമംഗലം പത്താം മൈലിൽ ​ദേശീയപാതയിലാണ് പൈപ്പ് പൊട്ടിയത്.

പൈപ്പ് പൊട്ടിയതോടെ ദേശീയപാതയിൽ ​ഗതാ​ഗത തടസ്സപ്പെട്ടു. പൈപ്പിലെ ജലം വളരെ ഉയരത്തിൽ പൊങ്ങിയപ്പോൾ റോഡ് തകർന്ന് ടാറിംങ് അടക്കം തെറിച്ച് പോയി. സമീപത്തെ നിരവധി കടകളിലും വെള്ളം കയറിയിരുന്നു. വൈദ്യുതി ലൈനില്‍ തട്ടുന്ന തരത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കെഎസ്ഇബി അധികൃതരെത്തി ലൈന്‍ ഓഫാക്കി. കുന്നമംഗലം പോലീസും സ്ഥലത്തെത്തി സമീപത്തായി ഡിവൈഡറുകള്‍ സ്ഥാപിച്ചു.

വയനാട്ടിലേക്കുള്ള പ്രധാനപാത ആയതുകൊണ്ട് തന്നെ വലിയ ​ഗ​താ​ഗത കുരുക്കാണ് പ്രദേശത്തുണ്ടായത്. ഇത്തരത്തിൽ ആറ് തവണ പ്രദേശത്ത് പൈപ്പ് പൊട്ടി ​ഗതാ​ഗതം തടസപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. വിവരം അറിയിച്ചിട്ടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താൻ വൈകി എന്ന് നാട്ടുകാർ ആരോപിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K