30 August, 2024 03:19:33 PM


ആന്ധ്ര എഞ്ചിനീയറിങ് കോളേജിലെ വനിത ഹോസ്റ്റലിൽ ഒളിക്യാമറ; ബിടെക് വിദ്യാർഥി പിടിയിൽ



അമരാവതി: ആന്ധ്ര പ്രദേശിലെ എഞ്ചിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. പണം വാങ്ങി ഈ വിദ്യാർത്ഥി ദൃശ്യങ്ങൾ വിതരണം ചെയ്തെന്നും പൊലീസ് പറഞ്ഞു. 

കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. ഇന്നലെ വൈകുന്നേരമാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. "ഞങ്ങൾക്ക് നീതി വേണം" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. 

സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. വനിതാ ഹോസ്റ്റൽ വാഷ്‌റൂമിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നും ചില വിദ്യാർത്ഥികൾ വിജയിൽ നിന്ന് ഈ വീഡിയോകൾ വാങ്ങിയെന്നും ആരോപണമുണ്ട്. ഈ സംഭവത്തിന് ശേഷം ഹോസ്റ്റലിലെ ശുചിമുറിയിൽ പോവാൻ പോലും ഭയമാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. എങ്ങനെയാണ് വിദ്യാർത്ഥി വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ സ്ഥാപിച്ചത് എന്നതിനെ കുറിച്ചും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K