05 January, 2024 11:36:22 AM


അഞ്ഞൂറ് രൂപ നല്‍കിയില്ല; ഉത്തര്‍പ്രദേശില്‍ 25കാരന്‍ അച്ഛനെ അടിച്ചുകൊന്നു



ലഖ്‌നൗ: അഞ്ഞൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 25കാരനായ മകന്‍ അച്ഛനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സഞ്ജയ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും റായ്ബറേലിയിലെ ഇഷ്ടിക ചൂളയിലാണ് ജോലി ചെയ്തിരുന്നത്. ജനുവരി ഒന്നിനായിരുന്നു കൊലപാതകം നടന്നത്. 

കൊലപാതകം നടന്ന ദിവസം സഞ്ജയിന്റെ പിതാവ് ഇഷ്ടിക ചൂളയുടെ ഉടമയെ വിളിച്ചിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. മകന്‍ അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ ഇഷ്ടികചൂള ഉടമയോട് 500 രൂപ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

മദ്യപാനിയായ സഞ്ജയ് പിതാവ് ത്രിലോകുമായി സ്ഥിരം വഴക്കാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പിതാവ് മരിച്ച ദിവസം താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് അപകടത്തില്‍ മരിച്ചതാണെന്നുമായിരുന്നു സഞ്ജയ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് പൊലീസ് കോള്‍ റെക്കോര്‍ഡ് കേള്‍പ്പിച്ചപ്പോള്‍ സഞ്ജയ് കുറ്റം സമ്മതിക്കുകയായിരുന്നു. 

ഇഷ്ടിക ചൂള ഉടമയെ വിളിച്ചതിന് പിന്നാലെ പണം നല്‍കാനാവില്ലെന്ന് പിതാവ് അറിയിച്ചതോടെ സമീപത്തുണ്ടായിരുന്ന മരക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. ശക്തമായി അടിയേറ്റ ത്രിലോക് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായും തുടര്‍ന്ന് യുവാവ് പ്രദേശത്തുനിന്ന് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K