17 October, 2024 11:07:03 AM


ഡയറി എഴുതാത്തതിന് തൃശൂരിൽ അഞ്ച് വയസുകാരനെ തല്ലിചതച്ച അധ്യാപിക അറസ്റ്റിൽ



തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.

തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. 

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിച്ചിരുന്നു. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K