08 January, 2025 09:01:17 AM
വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി അപകടം; ബസിടിച്ച് ഓട്ടോ മറിഞ്ഞ് 4 വയസുകാരി മരിച്ചു

തൃശൂര്‍: ഓട്ടുപാറയില്‍ കെഎസ്ആര്‍ടിസി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മുള്ളൂര്‍ക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം. നൂറ ഫാത്തിമയ്ക്ക് രണ്ടു ദിവസമായി പനി ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ഉടന്‍ തന്നെ നൂറ ഫാത്തിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. മറ്റു വാഹനങ്ങള്‍ കിട്ടാതെ വന്നതോടെ, നൂറ ഫാത്തിമയെ പെട്ടി ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൂറ് ഫാത്തിമയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റെയ്ഹാനത്തിന്റെ കാലിന് ഗുരുതരമായാണ് പരിക്കേറ്റത്.