18 February, 2025 02:37:05 PM


പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു



ചാലക്കുടി: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസം അന്വേഷണത്തിനായി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

പ്രതി മോഷണശേഷം ബൈക്കിൽ സഞ്ചരിച്ച വഴികളിലൂടെയും പ്രതി ധരിച്ചിരുന്ന മാസ്കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തും ഉൾപ്പെടെ എത്തിച്ച് ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മോഷണത്തിന് പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പറുകൾ വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ നമ്പർ പ്ലേറ്റ് പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്നതാണ് പ്രതിയുടെ മൊഴി. നമ്പർ പ്ലേറ്റ് കേസിൽ കണ്ടെടുക്കേണ്ടത് നിർണായകമാണ്.

പ്രതി റിജോ ആന്റണി ഒറ്റക്കാണ് കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് നിഗമനം എങ്കിലും പുറത്തു നിന്ന് ഒരാൾ റിജോയെ സഹായിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. ഇക്കാര്യങ്ങൾ അടക്കം മുൻ നിർത്തിയുള്ള തുടരന്വേഷണമായിരിക്കും കേസിൽ ഇനി നടക്കുക.

തിങ്കളാഴ്ച പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കവര്‍ച്ചാ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പ്രതി റിജോ ആന്റണിയുമായി രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കടം വീട്ടാനായി പ്രതി നല്‍കിയ മൂന്ന് ലക്ഷത്തോളം രൂപ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് കവര്‍ച്ച നടന്ന പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു. കവര്‍ച്ചയ്ക്കു ശേഷം പല തവണ വേഷം മാറി സഞ്ചരിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവായത് ഷൂസിന്റെ നിറവും ഹെല്‍മറ്റുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915