11 April, 2025 12:12:48 PM
മാളയിൽ ആറുവയസുകാരനെ കുളത്തില്‍ മുക്കിക്കൊന്നു; പ്രതി ഇരുപതുകാരന്‍

തൃശൂര്‍: മാള കുഴൂരിൽ പ്രകൃതി വിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച ആറു വയസുകാരനെ 20 വയസുകാരൻ കുളത്തിൽ മുക്കിക്കൊന്നു. അയൽവാസിയായ ജോജോ (20)യാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി ചെറുത്തതോടെ ഇയാൾ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വീടിന് സമീപത്തുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വീടിന് പരിസരത്ത് നിന്ന് കുട്ടിയെ കാണാതായത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സമീപപ്രദേശത്തെ കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്നുവെന്നുമാണ് വിവരം. അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ജോജോയെ പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടി കുളത്തില്‍ ഉണ്ടെന്ന് ജോജോ പറഞ്ഞു. ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
'കുട്ടിയെ വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. കുട്ടിയോട് മോശമായി പെരുമാറി. കുട്ടി എതിര്‍ത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞു. എന്നാല്‍ ആയിക്കോട്ടെ എന്ന് പറഞ്ഞ് കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായിട്ട് കുളത്തിലിട്ടാണ് കുട്ടിയെ പ്രതി കൊന്നത്.'- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.