08 April, 2025 01:21:05 PM
ചന്ദ്രബോസ് കൊലക്കേസ്; പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഹൈക്കോടതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിനോട് വ്യവസ്ഥതകള്‍ നിശ്ചയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 15 ദിവസത്തേക്കാണ് പരോള്‍. 2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം.
തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലര്‍ച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ ഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.
ചന്ദ്രബോസ് വധത്തില്‍ വന്‍ജനരോഷമാണ് പിന്നീട് ഉയര്‍ന്നത്. പൊട്ടിയ വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകമുള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്നും കണ്ടെത്തിയ തൃശ്ശൂര്‍ അഡീഷണല്‍ കോടതി പ്രതിക്ക് ജീവപര്യന്തവും 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനെയും (31) മര്‍ദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫ്‌ളയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വെച്ച് ചന്ദ്രബോസ് മരിച്ചു.