04 March, 2025 09:13:19 AM
കാൽപ്പാദം നിലത്തുറപ്പിക്കാൻ കഴിയുന്നില്ല; അതിരപ്പിള്ളിയിലെ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് പരിക്ക്

തൃശൂർ : അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയ്ക്ക് പരിക്ക്. ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് പരിക്കേറ്റത്. രണ്ട് ദിവസമായി ആനയുടെ കാൽപ്പാദം നിലത്തുറപ്പിക്കാൻ കഴിയുന്നില്ല. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളിവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിവസം കഴിയുന്തോറും ആന കൂടുതൽ ക്ഷീണിച്ച് വരുന്നതായും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആന മെലിയുന്നത് നല്ല സൂചനയല്ലെന്ന് ഡോക്ടർമാർ പറയുന്നു.
ആനയുടെ ആരോഗ്യനില നിരീക്ഷിക്കാൻ വനംവകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. വനം വകുപ്പ് ഡോക്ടർമാരായ ഡോക്ടർ ബിനോയ്,ഡോക്ടർ മിഥുൻ ,ഡോക്ടർ ഡേവിഡ് എന്നിവരുടെ സംഘമാണ് ഗണപതിയെ പരിശോധിക്കുന്നത്. മറ്റു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിശദ പരിശോധന നടത്തിയ ശേഷം മെഡിക്കൽ റിപ്പോർട്ട് ഉടൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറും.
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചപ്പോൾ വീഴാതെ താങ്ങി നിർത്തിയിരുന്ന കൊമ്പനാണ് ഏഴാറ്റുമുഖം ഗണപതി. ഇരുവരുടെയും സൗഹൃദദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഏഴാറ്റുമുഖം ഗണപതിയെ ജനങ്ങൾ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ വനത്തിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിൽ ചികിത്സ നൽകി വരവേയാണ് ചരിഞ്ഞത്.