04 February, 2024 01:39:52 PM


മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്



മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നു കണ്ടു നിന്നവരോട് യുവാവ് പറഞ്ഞു. അസം സ്വദേശിയായ യുവാവിന് പൊലീസ് എത്തി ഭക്ഷണം വാങ്ങി നൽകി. ഇയാളെ പിന്നീട് സ്ഥലത്തു നിന്ന് കാണാതായി.

എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചെന്നാണ് ലഭിക്കുന്ന വിവരം. അപ്പോഴാണ് വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്ന് യുവാവ് മറുപടി നൽകി. തുടർന്നാണ് വിവരമറിഞ്ഞ് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കിയത്. വിശക്കുന്നെന്ന് പറഞ്ഞാൽ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമായിരുന്നല്ലോ എന്നും പിന്നെന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്നുമാണ് നാട്ടുകാരുടെ ചോദ്യം.

കഴിഞ്ഞ ദിവസങ്ങളില്‍ യുവാവ് ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. അസം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിനിടെ ഇയാൾ അവിടെനിന്നും പോയെന്നാണ് പൊലീസ് പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K