30 October, 2024 09:22:25 AM
പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം; ആളുകളെ ക്യാമ്പിലേക്ക് മാറ്റി
നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ ശബ്ദമുണ്ടായത്. ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്താണ് സംഭവം. പത്തേമുക്കാലോടെ വീണ്ടും സമാനശബ്ദവും വീടുകള്‍ പ്രകമ്പനം കൊള്ളുന്ന അവസ്ഥയുമുണ്ടായി. രണ്ട് കിലോമീറ്റര്‍ ദൂരത്തിൽ വരെ ഇത് അനുഭവപ്പെട്ടു. ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളലും രൂപപ്പെട്ടു.
പോത്തുകല്ല് ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൊലീസും വില്ലേജ് ഓഫിസർ അടക്കമുള്ളവരും സ്ഥലത്തെത്തി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ നടപടികള്‍ ആരംഭിച്ചു. ഇതേ തുടർന്ന് നാട്ടുകാരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തിന്റെ മാപ്പ് ജിയോളജി അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു.
എന്നാല്‍, ഭൂകമ്പ സാധ്യതയില്ലെന്നും ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന പ്രതിഭാസമാണ് കേട്ടതെന്നുമാണ് അധികൃതര്‍ അറിയിച്ചത്. നിരവധി കുഴല്‍ കിണറുകളുള്ള പ്രദേശമാണ് ആനക്കല്ല്. ഇതിന്റെ തുടര്‍പ്രതിഭാസമാണ് ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദമെന്നാണ് ജിയോളജി അധികൃതര്‍ പറയുന്നത്. മുമ്പ് മൂന്ന് തവണ ഈ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദമുണ്ടായിരുന്നു.