30 March, 2025 06:02:42 PM


കെഎസ്ഇബി റിട്ടയേര്‍ഡ് ഓവര്‍സിയറെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കോഴിക്കോട്: കെഎസ്ഇബി റിട്ടയേര്‍ഡ് ഓവര്‍സിയറെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കൂട്ടാലിട സ്വദേശി വടക്കേകൊഴക്കോട്ട് വിശ്വനാഥന്‍(61) ആണ് മരിച്ചത്. പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിലാണ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇബി തൊട്ടില്‍പ്പാലം സെക്ഷനില്‍ നിന്ന് 2020ലാണ് ഇദ്ദേഹം ഓവര്‍സിയറായി വിരമിച്ചത്.

സുഹൃത്തിന്‍റെ റിട്ടയര്‍മെന്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് വിശ്വനാഥൻ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും വിശ്വനാഥൻ തിരികെ എത്താഞ്ഞതിനെ തുടര്‍ന്ന് വിവരം പൊലീസിലറിയിച്ചു. തുടർന്ന് ബന്ധുക്കളും പേരാമ്പ്ര പൊലീസും നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. 

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ലതയാണ് വിശ്വനാഥന്റെ ഭാര്യ. മക്കള്‍: ആനന്ദ് വിശ്വനാഥ്(അധ്യാപകന്‍, സി ബി എച്ച്എസ്എസ് വള്ളിക്കുന്ന്), അഭിനന്ദ് വിശ്വനാഥ്. പോസ്റ്റമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946