19 March, 2025 08:56:36 AM


കോഴിക്കോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യയുടെ മാതാപിതാക്കൾക്ക് ​ഗുരുതര പരിക്ക്



കോഴിക്കോട്: കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കക്കാട് സ്വദേശിനി ഷിബിലയെ ആണ് ഭർത്താവ് യാസർ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും പരിക്കേൽക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലായിരുന്നു താമസം. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പൊലീസ് ​ഗൗരവമായി എടുത്തില്ലെന്നും യാസിർ ലഹരിയ്ക്ക് അടിമയാണെന്നും ഷിബിലയുടെ ബന്ധുക്കൾ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K