05 April, 2025 08:32:29 AM
കോഴിക്കോട് റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിലിലെ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെടി മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. കക്കാടംപൊയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടം ഉണ്ടയാത്. ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയിലാണ് സംഭവം.
ഇന്നലെ വൈകിട്ട് ഏഴോടെ കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് കുട്ടി പൂളിനടുത്തേക്ക് പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ കക്കാടംപൊയിലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയത്.