31 March, 2025 10:45:52 AM
പെരുന്നാള്‍ ആഘോഷിക്കാന്‍ വാങ്ങിയ പടക്കം കാറിനകത്ത് പൊട്ടിത്തെറിച്ചു; യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

നാദാപുരം: കാറിനകത്ത് പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. നാദാപുരം പേരോട് സ്വദേശികളായ ഷെഹ്‌റാസ്, റയീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പടക്കം വാങ്ങി വരുമ്പോള്‍ വീടിനടുത്ത് പൊതുറോഡില്‍ വെച്ച് യുവാക്കള്‍ കാറിലിരുന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. പിന്‍സീറ്റിലുണ്ടായിരുന്ന പടക്കങ്ങള്‍ അതോടെ പൊട്ടിത്തെറിച്ചു. കാറിന്റെ പിന്‍സീറ്റ് പൊട്ടിത്തെറിയില്‍ തകര്‍ന്നു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാവുന്നരീതിയില്‍ അശ്രദ്ധമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.