07 April, 2025 09:07:05 AM


മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; പോസ്റ്റുമോർട്ടം ഇന്ന്



മലപ്പുറം: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

അതേസമയം അസ്മയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സിറാജുദ്ദീനും അസ്മയും അക്യുപംക്ചര്‍ ചികിത്സയില്‍ ബിരുദം നേടിയവരാണ്. അക്യുപംക്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നോ മരണം എന്നതടക്കം പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം. മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ കുടുംബം ഒന്നര വര്‍ഷമായി താമസിക്കുന്നുണ്ടെങ്കിലും അയല്‍വാസികളുമായി സിറാജുദ്ദീനും അസ്മയ്ക്കും സൗഹൃദം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന്റെ പേരും വീട്ടില്‍ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാര്‍ത്ത വരുമ്പോഴാണു തൊട്ടടുത്ത അയല്‍വാസികള്‍ പോലും അറിയുന്നത്.

കാസര്‍കോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീന്‍ താമസത്തിനു വന്ന സമയത്തു പറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. 'മടവൂര്‍ കാഫില'യെന്ന പേരില്‍ 63,500 പേര്‍ സബ്‌സ്‌ക്രൈബ് ചെയ്ത യുട്യൂബ് ചാനല്‍ നടത്തിപ്പുകാരന്‍ കൂടിയാണ് സിറാജുദ്ദീന്‍. അസ്മ കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രമാണു പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. ജനുവരിയില്‍ ആശാവര്‍ക്കര്‍ വീട്ടിലെത്തി, ഗര്‍ഭിണിയാണോയെന്ന് അസ്മയോട് അന്വേഷിച്ചിരുന്നു. വീട്ടില്‍നിന്നു പുറത്തിറങ്ങാതെ, ജനലിലൂടെ അല്ലെന്നു മറുപടി നല്‍കി. എന്നാല്‍, കഴിഞ്ഞ ദിവസം അയല്‍വാസികള്‍ അന്വേഷിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്നും 8 മാസമായെന്നും പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931