15 February, 2024 12:25:32 PM
താനൂർ കസ്റ്റഡി കൊലപാതകം; അന്വേഷണ സംഘം വീണ്ടും മലപ്പുറത്ത്
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ സംഘം വീണ്ടും മലപ്പുറത്തെത്തി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി താമിർ ജിഫ്രിയുടെ വീട്ടിൽ എത്തിയ സി.ബി.ഐ സംഘം മാതാവിന്റെ മൊഴിയെടുത്തു. കേസിൽ കാലതാമസം ഉണ്ടാകുന്നതിലെ അതൃപ്തി കുടുംബം അന്വേഷണസംഘത്തെ അറിയിച്ചു.എന്നാൽ, രാസ പരിശോധന ഫലങ്ങൾ ഉൾപ്പെടെ ലഭിക്കുന്നതോടെ ഉചിതമായ തുടർനടപടി ഉണ്ടാകുമെന്ന് അന്വേഷണസംഘം കുടുംബത്തിന് ഉറപ്പുനൽകി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ ഫോറൻസിക് സർജന്റെയും മൊഴിയെടുത്തു. അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയാണ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തത്. ഫോറൻസിക് സർജന്റെ കൂടെ ഉണ്ടായിരുന്ന മറ്റു ഡോക്ടർമാരുടെയും മൊഴികൾ സി.ബി.ഐ സംഘം രേഖപ്പെടുത്തി.
പൊലീസ് മർദ്ദനം താമിർ ജിഫ്രിയുടെ മരണത്തിന് കാരണമായി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ ഏറെ നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ഫോറൻസിക് സർജൻ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.
2023 ആഗസ്റ്റ് ഒന്നിനായിരുന്നു നിരോധിത രാസലഹരിയായ എം.ഡി.എം.എ കൈവശം വെച്ചെന്ന കേസിൽ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രിയെയും കൂടെയുള്ളവരെയും മലപ്പുറം എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കർമസേനയായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തത്.
ആഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡാൻസാഫ് ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. നാല് പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തി. പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.