03 February, 2025 07:50:14 PM


അടൂരിൽ യുവാക്കളുടെ തമ്മിലടി; തട്ടുകടയിൽ കയറി സാധനങ്ങൾ വലിച്ചെറിഞ്ഞു



പത്തനംതിട്ട: അടൂരിൽ നടുറോഡിൽ യുവാക്കളുടെ കൂട്ടത്തല്ല്. വാക്കുതർക്കത്തിന് പിന്നാലെ തെരുവിൽ തമ്മിലടിച്ച യുവാക്കൾ തെങ്ങമത്ത് തുടങ്ങിയ പുതിയ തട്ടുകടയിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കി. യുവാക്കളുടെ ഏറ്റുമുട്ടലിൽ തട്ടുകടയിലെ സാധനങ്ങൾ നശിപ്പിച്ചു.  മദ്യലഹരിയിലാണ് യുവാക്കൾ ഏറ്റുമുട്ടിയതെന്നാണ് വിവരം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുരാജ്, അഭിരാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കടയിലെ പാചക സാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. 10 ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകൾ തുടങ്ങിയവ അക്രമികൾ നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് യുവാക്കളെ പിടിച്ച് മാറ്റിയത്. കഴിഞ്ഞമാസം 20-ാം തീയതിയാണ് തെങ്ങമത്ത് തമിഴ്‌നാട് ചെങ്കോട്ട സ്വദേശി തുടങ്ങിയത്. ആക്രണത്തിൽ മുപ്പതിനായിരം രൂപയിലധികം നഷ്ടമുണ്ടെന്ന് നടത്തിപ്പുക്കാർ പറഞ്ഞു. 

തട്ടുകടയിൽ ഇരുന്ന് ചായ കുടിച്ച് കൊണ്ടിരുന്നവരാണ് വാക്കേറ്റത്തിലേർപ്പട്ടത്. കടയിൽ നിന്ന് പോയ യുവാക്കൾ പിന്നീട് തിരിച്ചെത്തി തമ്മിലടിക്കുകയായിരുന്നു. ഇതോടെ കൂട്ടയടിയായി മാറി. രണ്ട് യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലാറിയാവുന്ന ചിലർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K