13 February, 2025 04:20:29 PM


ചേര്‍ത്തലയിലെ സജിയുടെ മരണം: തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്



ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. സജിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് യുവതി മരിച്ചത്. തുടര്‍ന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ നേരത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല.

മകള്‍ പരാതി നല്‍കിയതോടെ സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്.

പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭർത്താവ് സോണിക്കെതിരെ മറ്റ് കുറ്റങ്ങൾ ചുമത്തുന്ന കാര്യത്തിൽ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനകത്ത് കോണിപ്പടിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞിരുന്നത്.

സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് പത്തൊൻപതുകാരിയായ മകൾ അമ്മയെ അച്ഛൻ സോണി മർദ്ദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് മകൾ പരാതിയിൽ പറയുന്നത്. സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദ്ദനം. അച്ഛനു പലരുമായും ബന്ധമുണ്ടായിരുന്നു. അതിലൊക്കെയുള്ള ദേഷ്യമാണ് മദ്യപിച്ചു വന്ന് തന്നോടും അമ്മയോടും തീർത്തിരുന്നത്. അച്ഛൻ പലതവണ കത്തിയെടുത്ത് കുത്താൻ വന്നിട്ടുണ്ടെന്നും മകൾ വെളിപ്പെടുത്തിയിരുന്നു. വീണ്ടും കത്തിയുമായെത്തി അച്ഛൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മകൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K