19 January, 2024 10:27:41 AM
സാമ്പത്തിക തട്ടിപ്പ്: ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യക്കെതിരെ കേസ്
കോഴിക്കോട്: സാമ്പത്തിക തട്ടിപ്പിൽ ടി സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്. കോഴിക്കോടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിനെതിരായ പരാതിയിലാണ് ഷറഫുന്നീസക്കെതിരെ കേസ്. സംഭവത്തില്‍ നടക്കാവ് പൊലീസാണ് കേസെടുത്തത്.
കോഴിക്കോട് സ്വദേശിയായ സബീനയില്‍ നിന്ന് 13.5% പലിശ വാഗ്ദാനം ചെയ്ത് 5.65 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ഷറഫുന്നീസ ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്കെതിരെയും സ്ഥാപനത്തിന്‍റെ സി ഇ ഒ വസീമിനെതിരെയും പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ നേരത്തെ നടക്കാവ് സ്റ്റേഷനില്‍ മാത്രം നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിസ് ബാങ്ക് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ച് 20 കോടിയോളം രൂപ തട്ടിയതായാണ് നിക്ഷേപകരുടെ പരാതി. ഷറഫുന്നീസയെ കൂടാതെ ബാങ്ക് സി ഇ ഒ വസീം, മാനേജരായ ഷംന കെ ടി, ഡയറക്ടര്‍മാരായ റാഹില ബാനു, മൊയ്തീന്‍കുട്ടി തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.