25 January, 2024 05:23:11 PM
ഭിന്നശേഷിക്കാരന്‍ ജോസഫിന്‍റെ ആത്മഹത്യ: പെന്‍ഷന്‍ ലഭിക്കാഞ്ഞിട്ടല്ല- പഞ്ചായത്ത് പ്രസിഡന്‍റ്
കോഴിക്കോട്: ഭിന്നശേഷിക്കാരന്‍ ജോസഫിന്‍റെ മരണം വേദനാജനകമെന്നും മരണത്തില്‍ സര്‍ക്കാരിനോ ഗ്രാമപഞ്ചായത്തിനോ ധാര്‍മ്മിക ഉത്തരവാദിത്തമില്ലെന്നും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്. മരണം പെന്‍ഷന്‍ മുടങ്ങിയത് കൊണ്ടല്ല. മകളുടേതടക്കം 2023 ല്‍ 24,400 രൂപ, ജോസഫ് ക്ഷേമ പെന്‍ഷനായി കൈപ്പറ്റിയിരുന്നു. സ്വന്തം പറമ്പില്‍, തൊഴിലുറപ്പ് ജോലി ചെയ്യാന്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനില്‍ പറഞ്ഞു.
ഭിന്നശേഷിക്കാരന്‍ ജോസഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ വസ്തുതകള്‍ വിശദീകരിച്ചത്. നവംബര്‍ 9 ന് ജോസഫിന്‍റെ കത്ത് ലഭിച്ച ശേഷം വീട് സന്ദര്‍ശിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്വന്തം പറമ്പില്‍ തൊഴിലുറപ്പ് ജോലി ചെയ്യാന്‍ അവസരം ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇത് അനുവദിക്കുകയും ജനുവരി 3 ന് വേതനമായി 5300 രൂപ കൈപ്പറ്റുകയും ചെയ്തു.
പഞ്ചായത്താണ് 5 ലക്ഷം രൂപ ചെലവഴിച്ച് വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ച് നല്‍കിയത്.ജോസഫിന്‍റെ ആത്മഹത്യാ കുറിപ്പ് എഴുതിയത് ആരെന്ന് അന്വേഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.