07 December, 2023 05:19:00 PM


കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും



പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.25ന്  നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ ചിറ്റൂരില്‍ എത്തിക്കും. ഇന്ന്  വൈകുന്നേരം 6 മണിക്ക്  ശ്രീനഗറില്‍ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ്  മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. 

വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍ ആര്‍, ശ്രീജേഷ്, അരുണ്‍, പി. അജിത്ത്, സുജീവ് എന്നിവരേയും  ഇതേ വിമാനത്തില്‍ തന്നെ നാട്ടില്‍ എത്തിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ  പ്രതിനിധിയായി  കേരള ഹൗസിലെ അസിസ്റ്റന്‍റ് ലെയ്‌സണ്‍ ഓഫീസര്‍ ജിതിന്‍ രാജ് ടി ഒ ചിറ്റൂര്‍ വരെ സംഘത്തെ അനുഗമിക്കും. കശ്മീരിലെ സൗറ എസ് കെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലന്‍ മുരുകന്‍, ഷിജു കെ എന്നിവര്‍ അവിടെ തുടരും.  

കേരള ഹൗസിലെ നോര്‍ക്ക ഡെവലപ്‌മെന്‍റ് ഓഫീസര്‍ ഷാജി മോന്‍, അസിസ്റ്റന്‍റ് ലെയ്‌സണ്‍ ഓഫീസര്‍മാരായ ജിതിന്‍ രാജ് ടി ഒ, അനൂപ് വി എന്നിവരാണ് ശ്രീ നഗറില്‍ നിന്നും യാത്ര സംഘത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യുന്നത്. ഇവര്‍ ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസറുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K