02 December, 2024 02:08:56 PM
തെരുവു നായ്ക്കള്‍ ബോണറ്റിലേക്കു ചാടിക്കയറി, കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു
ചാലക്കുടി: തെരുവ് നായകളുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു. വെട്ടുകടവ് പാലത്തിന് മുകളില്‍ ഇന്ന്പുലര്‍ച്ചെയായിരുന്നു സംഭവം. കാറിനകത്തുണ്ടായിരുന്ന രണ്ടു പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാനായി പോയവരാണ് അപകടത്തില്‍പെട്ടത്.
മേലൂരുള്ള മറ്റൊരു സുഹൃത്തിനെ കൂടെ കൂട്ടാനായാണ് ഇവര്‍ വെട്ടുകടവ് പാലം വഴി പോയത്. പാലം കയറിയതോടെ തെരുവ് നായകൂട്ടം കാറിന് നേരെ പാഞ്ഞടുത്തു. കാറിന് മുകളിലേക്ക് ചാടിയതോടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ നിരങ്ങിയ കാര്‍ പാലത്തിന്റെ കൈവരികളിലിടിച്ച് നിന്നു. കൈവരികള്‍ തകര്‍ന്നിരുന്നെങ്കില്‍ കാര്‍ പുഴയിലേക്ക് പതിച്ചേനെ. ചാലക്കുടി മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. മാര്‍ക്കറ്റിലും, ബസ് സ്റ്റാന്റ് പരിസരത്തും നായ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്.