08 December, 2023 05:50:29 PM


ന്യൂ ഇന്ത്യ ലിറ്ററസി മികവുത്സവം 10 ന്; 94 കാരനായ കൃഷ്ണന്‍ പ്രായം കൂടിയ പഠിതാവ്



പാലക്കാട്‌ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കേരളത്തില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരത പരീക്ഷ മികവുത്സവം ഡിസംബര്‍ 10 ന് രാവിലെ പത്തിന് പാലക്കാട്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ന്യൂ എഡ്യുക്കേഷന്‍ പോളിസി 2020 (എന്‍.ഇ.പി)ന്റെ ഭാഗമായി നടപ്പാക്കുന്ന അഞ്ച് വര്‍ഷ പദ്ധതിയുടെ ആദ്യഘട്ടമാണ് മികവുത്സവം എന്ന പേരില്‍ നടത്തുന്നത്.

അട്ടപ്പാടി ഉള്‍പ്പെടെ പാലക്കാട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭകളില്‍നിന്നായി ആകെ 9329 പഠിതാക്കളാണ് മികവുത്സവത്തിനായി തയ്യാറെടുത്തിട്ടുള്ളത്. അട്ടപ്പാടി മേഖലയില്‍ കുടുംബശ്രീ മിഷന്‍ പ്രത്യേക പദ്ധതിയുടെ സഹകരണത്തോടെ 191 ആദിവാസി ഊരുകളില്‍ നിന്നായി 1936 പഠിതാക്കളാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പ ഊരുകളില്‍നിന്നുള്ള 345 പേരും പങ്കെടുക്കും.

വെള്ളിനേഴി പഞ്ചായത്തിലെ 94 കാരനായ കൃഷ്ണനാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 21 കാരിയായ നന്ദിനിയാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. വാചികം, ലിഖിതം, ഗണിതം എന്നീ മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷ നടക്കുക.

സ്‌കൂളുകള്‍, അങ്കണവാടികള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരീക്ഷ നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ മികവുത്സവത്തിന് നേതൃത്വം നല്‍കും. 800ല്‍ പരം സന്നദ്ധ പ്രവര്‍ത്തകരായ വളണ്ടറി അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505179.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K