12 December, 2023 05:25:18 PM


നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പ് മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചു



പാലക്കാട്: തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഉള്‍വനങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളും ഗോത്ര വിഭാഗങ്ങള്‍ കൃഷി ചെയ്യുന്ന വിവിധ തരം ധാന്യങ്ങളും വനശ്രീ ഇക്കോ ഷോപ്പില്‍നിന്നും ലഭിക്കും. ഇതോടൊപ്പം മല്ലീശ്വര വന വികാസ് കേന്ദ്രയുടെ അട്ടപ്പാടി തേന്‍, ചെറുതേന്‍, സംസ്ഥാനത്തെ വിവിധ വന വികസന ഏജന്‍സികളില്‍നിന്ന് ശേഖരിച്ച ഉത്പന്നങ്ങള്‍, മറയൂര്‍ ചന്ദനതൈലം എന്നിവയും വനശ്രീ ഇക്കോ ഷോപ്പില്‍ ലഭിക്കും. 

ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയായാണ് ഷോപ്പ് പ്രവര്‍ത്തിക്കുക. നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പിന്‍റെ ഉദ്ഘാടനം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി സലീം നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ആഷിഖ് അലി അധ്യക്ഷനായി. മണ്ണാര്‍ക്കാട് ആര്‍എഫ്.ഒ എന്‍. സുബൈര്‍, വാര്‍ഡ് മെമ്പര്‍ സഫിയ, വനവികസന ഏജന്‍സി കോ-ഓര്‍ഡിനേറ്റര്‍ വി.പി ഹബ്ബാസ്, തിരുവിഴാംകുന്ന് ഡെപ്യൂട്ടി ആര്‍.എഫ്.ഒ കെ. സുനില്‍ കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K