17 December, 2023 03:33:45 PM
അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിന് സമീപം വഴി തടഞ്ഞ് കാട്ടാന കട്ടപ്പ
തൃശ്ശൂര്‍: അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിന് സമീപം വഴി തടഞ്ഞ് കാട്ടാന കട്ടപ്പ. എണ്ണപ്പന റോഡിലേക്ക് കുത്തി മറിച്ചിട്ട് വഴിയില്‍ നിലയുറപ്പിച്ചതോടെ ഒന്നരമണിക്കൂറോളമാണ് വിനോദ സഞ്ചാരികളും പ്രദേശവാസികളും റോഡില്‍ കുടുങ്ങിയത്. രാവിലെ ആറ് മണിക്കായിരുന്നു സംഭവം.
അതിരപ്പിള്ളി ഏഴാറ്റുമുഖം റോഡിലെ ഗതാഗതം ഒന്നര മണിക്കൂറോളമാണ് ഒറ്റയാന്‍ കട്ടപ്പ തടസ്സപ്പെടുത്തിയത്. അവധി ദിവസം ആയതിനാല്‍ അതിരപ്പിള്ളി മേഖലയിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എത്തിയത്. ആന റോഡില്‍ നിലയുറപ്പിച്ചതോടെ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികളും കടന്നുപോകാൻ കഴിയാതെ ഒന്നര മണിക്കൂറോളം ബുദ്ധിമുട്ടി.
ഇതിനിടെ വിനോദ സഞ്ചാരികളെ വിരട്ടിയോടിക്കുന്ന സാഹചര്യവും ഉണ്ടായി. മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയുള്‍പ്പടെ വഴിയില്‍ കുടുങ്ങി. കുറച്ചു ദിവസങ്ങളായി ഈ ആന പ്രദേശത്തുള്ളതായി നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ ആന സ്വമേധയാ കാട് കയറിയതോടെയാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലായത്.