19 December, 2023 09:02:49 PM
ചെര്‍പ്പുളശ്ശേരിയില്‍ നഗരജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
പാലക്കാട്: ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വീരമംഗലം ഉങ്ങുംത്തറയില്‍ നടന്ന പരിപാടി പി. മമ്മിക്കുട്ടി എം.എല്‍എ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കമലം ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രവര്‍ത്തന സമയം. ഡോക്ടര്‍, നേഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരുടെ സേവനം ആരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും.
മികച്ച ചികിത്സാ സൗകര്യങ്ങള്‍, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സ, സാന്ത്വന പരിചരണം, പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളാണ് ആരോഗ്യ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് നഗരസഭയില്‍ ആരോഗ്യ കേന്ദ്രം ആരംഭിച്ചത്. നഗരസഭയിലെ രണ്ടാമത്തെ ആരോഗ്യ കേന്ദ്രമാണിത്. പരിപാടിയില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫ്ന പാറക്കല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.