21 December, 2023 05:05:30 PM
ക്രിസ്മസ്, പുതുവത്സര പരിശോധന: പാലക്കാട് അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ
പാലക്കാട്: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി കേക്ക് നിര്‍മ്മാണ യൂണിറ്റുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെ 54 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിന് നോട്ടീസ് നല്‍കി. കേക്ക്, വൈന്‍ ഉള്‍പ്പെടെ 41 ഓളം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.
സാമ്പിളുകളുടെ പരിശോധനാഫലം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും പുതുവത്സരം വരെ പരിശോധനകള്‍ തുടരുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ വി. ഷണ്മുഖന്‍ അറിയിച്ചു. മൂന്ന് സ്‌ക്വാഡുകളെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഡോ. ഒ.പി നന്ദകിഷോര്‍, ടി.എച്ച് ഹിഷാം അബ്ദുള്ള, ഡോ. സി.കെ അഞ്ജലി, ഡോ. ഫിര്‍ദൗസ്, ഡോ. എ.എം ഹാസില, ടി.സി ശ്രീമ, എസ്. നയനലക്ഷ്മി, ആര്‍. ഹേമ, ഡോ. ജോബിന്‍ എ. തമ്പി, സി.പി അനീഷ, എ.വി വിനിത എന്നിവര്‍ പരിശോധനാ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.
കണ്ണമ്പ്രയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
മാലിന്യനിര്‍മാര്‍ജനത്തിന്‍റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 കിലോഗ്രാമിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. ഇവരില്‍നിന്നും 10,000 രൂപ പിഴയും ഈടാക്കി. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മാലിന്യം വലിച്ചെറിയുക, അലക്ഷ്യമായി കൈകാര്യം ചെയ്യുക, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സംഭരിക്കുക, വില്‍പ്പന നടത്തുക എന്നിവ തടയാനും പഞ്ചായത്തിലെ വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു വരികയാണ്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തുടര്‍ന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ പിഴയോടൊപ്പം പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വരുമെന്ന് സെക്രട്ടറി അറിയിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.