22 December, 2023 04:14:07 PM


മാലിന്യമുക്തം നവകേരളം: കൊടുമ്പിലും കോട്ടായിലും സ്നേഹാരാമങ്ങൾ ഒരുങ്ങുന്നു



പാലക്കാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊടുമ്പ് ഗ്രാമപഞ്ചായത്തും പാലക്കാട് ഗവ പോളിടെക്നിക് കോളെജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിക്കുന്ന സ്നേഹാരാമത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് നിര്‍വഹിച്ചു. പോളിടെക്നിക് ഗ്രൗണ്ടിന്റെ തുടക്കം മുതല്‍ പൊള്ളാച്ചി റോഡിലുള്ള പോളി ജങ്ഷന്‍ ബസ് സ്റ്റോപ്പ് വരെയുള്ള 200 മീറ്റര്‍ സ്ഥലം വൃത്തിയാക്കിയാണ് സ്നേഹാരാമം ഒരുക്കുന്നത്.

വിവിധ തരം ചെമ്പരത്തി, അരളി തുടങ്ങിയ ചെടികള്‍ വെച്ചുപിടിപ്പിച്ച് പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള ഊഞ്ഞാലുകള്‍, കനാലിന് അരികിലൂടെ നടക്കാനുള്ള സൗകര്യം, ഓപ്പണ്‍ ജിം എന്നിവയാണ് സ്നേഹാരാമത്തിലൂടെ വിഭാവനം ചെയ്യുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് കാടുപിടിച്ച മേഖലയായിരുന്ന ഈ ഭാഗം ആളുകള്‍ക്ക് വ്യായാമത്തിനും വിശ്രമത്തിനും ഒത്തുചേരാനുമെല്ലാം ഉപയോഗിക്കാവുന്ന രീതിയില്‍ ഒരു പാര്‍ക്കാക്കി മാറ്റുകയാണ് ലക്ഷ്യം.

സ്നേഹാരാമത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും പരിപാലനവും പോളിടെക്നിക്കിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശാന്ത അധ്യക്ഷയായ പരിപാടിയില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി ജിതേഷ്, വാര്‍ഡ് അംഗങ്ങളായ എം.കെ. പ്രവീണ, എ. നിര്‍മ്മല, അസിസ്റ്റന്റ് സെക്രട്ടറി എ. അജിത, അസോസിയേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ. സുധീര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കോട്ടായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പൊതുസ്ഥലങ്ങളെ ജനങ്ങള്‍ക്ക് വന്നിരിക്കാന്‍ കഴിയുന്ന ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോട്ടായി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്ന പതിമൂന്നാം മൂച്ചി പരിസരവും തെക്കേക്കര പെട്രോള്‍ പമ്പ് പരിസരവുമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. പതിമൂന്നാം മൂച്ചി പരിസരത്ത് കുഴല്‍മന്ദം ഐ.എച്ച്.ആര്‍.ഡി കോളെജ് എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളും തെക്കേക്കര പെട്രോള്‍ പമ്പ് പരിസരത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റുമാണ് സ്നേഹാരാമം നിര്‍മിക്കുന്നത്.

പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാ മോഹനന്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. വിനീത, വാര്‍ഡംഗം എസ്. ഗീത, വി.ഇ.ഒ സതീഷ്, ഐ.എച്ച്.ആര്‍.ഡി പ്രിന്‍സിപ്പാള്‍ സിദ്ദീഖ്, ഐ.എച്ച്.ആര്‍.ഡി എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഷീന തുടങ്ങിയവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K