22 December, 2023 04:44:45 PM


സാക്ഷിമൊഴികളിൽ അവിശ്വാസം; കെ യു ബിജു കൊലക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു



തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ സിപിഐഎം, ഡിവൈഎഫ്ഐ നേതാവായിരുന്ന കെ യു ബിജു കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു. പൊലീസ് പ്രതി ചേർത്തിരുന്ന 14 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് വിചാരണ കോടതി വെറുതെവിട്ടത്. സാക്ഷിമൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകൾ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതി വിധി. തൃശൂർ നാലാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ വി രജനീഷാണ്‌ കേസിൽ വിധി പ്രഖ്യാപിച്ചത്.

സിപിഐഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ്‌ പ്രസിഡന്റുമായിരുന്ന കെ യു ബിജുവിനെതിരെ 2008 ജൂൺ 30നാണ് ആക്രമണം നടന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ വരുകയായിരുന്ന ബിജുവിനെ ആർഎസ്എസ് -ബിജെപി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലക്കും കൈകാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, ഗിരീഷ്, സേവ്യർ, സുബിൻ ,ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ, മനോജ്, ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരായിരുന്നു പ്രതികൾ. മൈനറായിരുന്ന രണ്ടാം പ്രതിയുടെ വിചാരണ തൃശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആർ രവീന്ദ്രനായിരുന്നു കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K